റിബല്‍ സ്റ്റാര്‍, ഡാര്‍ലിംഗ് എന്നൊക്കെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാള്‍. ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി മാറിയ പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്നതെല്ലാം വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രങ്ങളാണ്. സംവിധായകന്‍ ഹനു രാഘവപുടിയുടെ ‘ഫൗസി’, സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’, കൂടാതെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ ‘കല്‍ക്കി 2898 എഡി’, ‘സലാര്‍’ എന്നിവയുടെ രണ്ടാം ഭാഗങ്ങള്‍ എന്നിവയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രഭാസ് ചിത്രങ്ങള്‍.
റൊമാന്റിക് വാര്‍ ഡ്രാമയായി ഒരുങ്ങുന്ന ‘ഫൗസി’യാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ട്. 1940-കളിലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഒരു ആസാദ് ഹിന്ദ് ഫൗജ് സൈനികന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. നവാഗതയായ ഇമാന്‍വിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മിഥുന്‍ ചക്രവര്‍ത്തി, ജയാപ്രദ, അനുപം ഖേര്‍, സജ്ജാദ് ദെലഫ്രൂസ് തുടങ്ങിയ വലിയൊരു താരനിരയും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സും ടി-സീരീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഫൗസിക്ക് 500 മുതല്‍ 700 കോടി രൂപ വരെയാണ് മുതല്‍മുടക്ക് കണക്കാക്കുന്നത്. 2026 ഡിസംബര്‍ 3-ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആനിമല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. സന്ദീപ് വംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഒരു കോപ്പ് ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ വളരെ പരുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. തൃപ്തി ഡിമ്രിയാണ് ചിത്രത്തിലെ നായിക. 2027 മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്ന സ്പിരിറ്റ്, പിന്നീട് മാറ്റിവെക്കുകയും ഇപ്പോള്‍ 2027 ഒക്ടോബര്‍ 29-ന് ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനും ആണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
ഇവയ്ക്ക് പുറമെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ കല്‍ക്കി 2898 എഡിയുടെയും, സൂപ്പര്‍ ഹിറ്റായ സലാറിന്റെയും രണ്ടാം ഭാഗങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എഡി പാര്‍ട്ട് 2-ന്റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ഭൈരവ എന്ന കഥാപാത്രമായി പ്രഭാസ് വീണ്ടും എത്തുമ്പോള്‍ 2027-ലോ 2028-ലോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ പാര്‍ട്ട് 2 ശൗര്യാംഗ പര്‍വ്വത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2028-ഓടെ ഈ ചിത്രവും തിയേറ്ററുകളില്‍ എത്തിയേക്കും. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും വമ്പന്‍ പ്രോജക്റ്റുകളിലൂടെയും വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സിനിമയില്‍ പ്രഭാസിന്റെ ഒരു വലിയ തേരോട്ടം തന്നെയായിരിക്കും കാണാന്‍ സാധിക്കുക.




