ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒരു ത്രില്ലർ ചിത്രത്തിൽ ഒന്നിക്കുന്നു എന്നതാണ് മിറാഷിന്റെ വലിയ പ്രത്യേകത. ഇതിന് മുൻപ് കിഷ്‌കിന്ധ കാണ്ഡം എന്ന ചിത്രത്തിലായിരുന്നു താരജോഡി പ്രത്യക്ഷപ്പെട്ടത്. E4 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി.വി സാരഥി, ജാതിന് എം സെഥി എന്നിവർ ചേർന്നാണ് മിറാഷ് നിർമ്മിക്കുന്നത്. അപർണ ടി തറക്കാട് കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ശ്രീനിവാസ് അബ്രോളും, ജീത്തു ജോസഫും ചേർന്നാണ്.
ആസിഫ് അലി ഒരു ഓൺലൈൻ മീഡിയ ജേർണലിസ്റ്റ് ആയാണ് മിറാഷിൽ അഭിനയിക്കുന്നത്. പ്രമേയം കാര്യമായി വെളിപ്പെടുത്താതെയുള്ള രീതിയിലാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കൂടാതെ ഹന്നാ റെജി കോശി, ഹകീം ഷാ, സമ്പത്ത് രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹനം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിവേക് ആണ്. വിഷ്ണു ശ്യാം ആണ് മിറാഷിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും. ബിജു മേനോൻ നായകനാകുന്ന വലത് വശത്തെ കള്ളൻ, മോഹൻലാലിന്റെ ദൃശ്യം 3 എന്നിവയാണ് ജീത്തു ജോസഫിന്റേതായി അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങൾ.