സിനിമ കോൺക്ലേവിൽ താരങ്ങൾ തമ്മിൽ തർക്കം. ഡബ്ല്യുസിസിക്ക് പ്രാധാന്യം നൽകി എന്നാരോപിച്ചാണ് താരങ്ങൾ തമ്മിൽ തർക്കം ഉണ്ടായത്. നടൻ രഞ്ജി പണിക്കർ ഡബ്ല്യുസിസിക്കെതിരെ സംസാരിച്ചതിന് നടി രേവതി പ്രതികരിച്ചതോടെയാണ് തർക്കമുണ്ടായത്. പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഡബ്ല്യുസിസിയെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. ഇതാണ് അമ്മ അംഗങ്ങളെ ചൊടിപ്പിച്ചത്. മലയാള സിനിമയിൽ ഡബ്ല്യുസിസി മാത്രമല്ല ഉള്ളതെന്നും അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളെ മാറ്റി നിർത്താൻ കഴിയില്ലെന്നുമായിരുന്നു രഞ്ജി പണിക്കരുടെ വിമർശനം. ഡബ്ല്യുസിസി നടത്തിയ പോരാട്ടമാണ് സ്ത്രീകൾക്ക് സിനിമയിൽ കൂടുതൽ പരിഗണന ലഭിക്കാൻ കാരണം എന്നായിരുന്നു നടി രേവതിയുടെ പ്രതികരണം.
ജെൻഡർ ആൻഡ് ഇൻക്ലൂസീവിറ്റി , എക്സ്പ്ലോറിംഗ് ജെൻഡർ ഡൈനാമിക് ഇൻ ഫിലിം, ടൂ വേർഡ്സ് പ്രൊഫണൽ ആൻഡ് പോളിസി റിഫോംസ് എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയ്ക്കിടെ ആണ് തർക്കം ഉടലെടുത്തത്. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ അൻസിബ ഹസ്സൻ അമ്മ അംഗങ്ങളെ പരിഗണിച്ചില്ല എന്ന ആരോപണവുമായി രംഗത്തെത്തി. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യ അതിഥി താരമായി എത്തിയ മോഹൻലാൽ അമ്മ അംഗമാണ് എന്നത് ഓർക്കണം എന്നായിരുന്നു അൻസിബയുടെ ആരോപണം. ഇതു വീണ്ടും ചർച്ച ക്ക് വഴി മരുന്നിട്ടു. മാല പാർവതി തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് എന്നായിരുന്നു ഡബ്ലു സിസി യുടെ വിശദീകരണം.