ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇന്റർനാഷണൽ ലെവലിൽ എന്നാൽ ഇന്ത്യൻ സെൻസിബിലിറ്റിയോട് ചേർന്ന് നിൽകുന്നതാവും ചിത്രമെന്ന് പറയുകയാണ് അല്ലു അർജുൻ. വേവ് സബ്മിറ്റ് ഇന്ത്യയിൽ നടന്ന സംവാദത്തിലാണ് അല്ലു അർജുന്റെ പ്രതികരണം. ‘സൗത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾ ചെയ്ത അറ്റ്ലിയുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
അറ്റ്ലീയുടെ ഐഡിയയും വിഷനും അയാൾക്ക് സിനിമയോടുള്ള പാഷനും എനിക്ക് വളരെ അധികം ഇഷ്ടമായി. ഒരു വിഷ്വൽ സ്പറ്റാക്കിൾ സെറ്റ് ചെയ്യാനാണ് ഞങ്ങളുടെ ആലോച്ചന. ഇന്റർനാഷണൽ ക്വാളിറ്റി ഉള്ള എന്നാൽ ഇന്ത്യൻ സെൻസിബിലിറ്റിയോട് ചേർന്ന് നിൽകുന്ന സിനിമയാകും അത്,’ അല്ലു അർജുൻ പറഞ്ഞു. അതേസമയം, സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന.
ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.