സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് വെബ് സീരീസാണ് ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’. സോഷ്യല്‍ മീഡിയയിലടക്കം മികച്ച അഭിപ്രായങ്ങള്‍ നേടിയ വെബ് സീരീസില്‍ അദിതി റാവു ഹൈദരിയുടെ കഥാപാത്രവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഹീരാമണ്ടിക്ക് ശേഷം മറ്റൊരു പ്രോജക്ടിന് വേണ്ടി താന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് തുറന്നുപറയുകയാണ് അദിതി.
ലില്ലി സിങ്ങിന്റെ യുട്യൂബ് ചാനലില്‍ നടന്ന അഭിമുഖത്തിലാണ് അദിതി മനസുതുറന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ടി’യെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചും അദിതി റാവു ഹൈദരി അഭിമുഖത്തില്‍ സംസാരിച്ചു. സീരീസില്‍ തന്റെ കഥാപാത്രത്തിന് വളരെയധികം സ്‌നേഹവും അഭിനന്ദനവും ലഭിച്ചെങ്കിലും അത് പുതിയ അവസരങ്ങള്‍ തേടിയെത്താന്‍ സഹായിച്ചിട്ടില്ലെന്ന് അദിതി പറഞ്ഞു.
‘ഹീരാമണ്ടിക്ക് ശേഷം എനിക്ക് ലഭിച്ച സ്‌നേഹവും അഭിനന്ദനവും വളരെ വലുതായിരുന്നു. എനിക്ക് തന്നെ അതിശയം തോന്നി. പക്ഷേ അതിന് ശേഷം ഞാന്‍ അടുത്ത ഒരു സിനിമയോ ഷോയോ ഒപ്പുവെച്ചിട്ടുണ്ടോ? ഇല്ല. ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്’, അദിതി പറഞ്ഞു. സീരീസില്‍ ‘ബിബ്ബോ ജാന്‍’ എന്ന ശക്തമായ കഥാപാത്രത്തെയാണ് അദിതി റാവു ഹൈദരി അവതരിപ്പിച്ചത്. കഥാപാത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു. സീരീസിലെ ഗാനരംഗത്തില്‍ അദിതി റാവു ഹൈദരിയുടെ അന്നനടയും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു. എട്ട് എപ്പിസോഡുകളുള്ള ഹീരാമണ്ടി 204ലാണ് പുറത്തിറങ്ങിയത്. സൊനാക്ഷി സിന്‍ഹ, അതിഥി റോവു ഹൈബരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗല്‍, താഹ ഷാ ബാദുഷ, ഫരീദ ജലാല്‍, ശേഖര്‍ സുമന്‍, ഫര്‍ദീന്‍ ഖാന്‍, അദിത്യന്‍ സുമന്‍ തുടങ്ങിയ താരങ്ങളാണ് ഹീരാമണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.