New Release

‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’ ട്രെയ്ലര്‍; ചിത്രത്തിന്റെ ആഗോള റിലീസ് ജനുവരി 22 ന്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡീസിന്റെ ട്രെയ്ലര്‍ പുറത്ത്. മലയാള സിനിമാ പ്രേക്ഷകര്‍ ഇതുവരെ വെള്ളിത്തിരയില്‍ കാണാത്ത ആക്ഷന്‍ വിസ്മയമാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. മിനി സ്‌ക്രീനില്‍ മാത്രം കണ്ടു പരിചരിച്ച WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പന്‍ കാന്‍വാസില്‍ വെള്ളിത്തിരയില്‍ തിളങ്ങുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്ന് ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. 2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം), പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവില്‍ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തില്‍ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്‌പെന്‍സുകള്‍ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. (Chatha Pacha: The Ring of Rowdies movie trailer out)

നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ്.

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍- ഇഹ്‌സാന്‍- ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗില്‍ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകളെ പൂര്‍ണ്ണമായും സാധൂകരിക്കുന്ന ഒന്നാവും ചിത്രമെന്ന ഉറപ്പും ഈ ട്രെയ്ലര്‍ നല്‍ക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button