മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ആഗോള ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുന്നു. 265 കോടി രൂപയുടെ റെക്കോർഡുമായി മലയാള സിനിമയെ ആഗോള തലത്തിൽ അടയാളപ്പെടുത്തിയ മോഹൻലാൽ ചിത്രം ‘എമ്പുരാന്റെ’ റെക്കോർഡ് മറികടന്നാണ് ‘ലോക’ മുന്നേറിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി ഈ ചിത്രം മാറിയെന്ന് നിർമ്മാതാക്കളായ വേഫെറർ ഫിലിംസാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു ഫീമെയിൽ സെൻട്രിക് ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന ചരിത്ര നേട്ടവും ‘ലോക’ സ്വന്തമാക്കി. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത് കേവലം ഏഴ് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇത് ചിത്രത്തിനുള്ള പ്രേക്ഷക സ്വീകാര്യതയുടെ തെളിവാണ്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന നിലയിൽ കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തെ ആസ്പദമാക്കിയാണ് ‘ലോക’ ഒരുക്കിയിട്ടുള്ളത്.
ഈ ചിത്രം വെറുമൊരു സിനിമയല്ല അതൊരു പുതിയ സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കമാണ്. അഞ്ച് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് ‘ലോക’. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കല്യാണി പ്രിയദർശനോടൊപ്പം നസ്ലെൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. കൂടാതെ,ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവർ അതിഥി വേഷങ്ങളിൽ എത്തി. ‘ലോക’യുടെ അടുത്ത ഭാഗമായി ഇനി വരാനിരിക്കുന്നത് ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ‘ചാത്തന്മാരുടെ’ കഥയാണ്. ആദ്യ ഭാഗം അവസാനിക്കുന്നതും ‘ചാത്തന്റെ’ ഇൻട്രോയോടെയാണ് ഇത് അടുത്ത ഭാഗത്തിനായുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നു.