പ്രിയദർശന്റെ സംവിധാനത്തിൽ 2016ൽ റിലീസായ ഒപ്പം എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഹൈവാന്റെ ചിത്രീകരണം കൊച്ചിയിൽ നടക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. ഹിന്ദി പതിപ്പിൽ മോഹൻലാലും ഉണ്ടാകുമെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സൈഫ് അലി ഖാനാണ് മോഹൻലാൽ അവതരിപ്പിച്ച വേഷം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയിലും സംഭാഷണത്തിലും താൻ കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പ്രിയദർശൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് വീണ്ടുമെത്തുന്നത്. ‘തഷാൻ’ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹയ്വാന്റെ പ്രൊഡക്ഷൻ ഡിസൈനർ, ദിവാകർ മണിയാണ് ഛായാഗ്രാഹകൻ, എം.എസ് അയ്യപ്പൻ നായരാണ് എഡിറ്റർ, അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചിയിൽ ഷൂട്ടിങ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. ‘ഭൂത് ബംഗ്ല’ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. ‘ഭൂത് ബംഗ്ല’ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ‘അപ്പാത്ത’യാണ് പ്രിയദർശന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.