കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ട്രെയ്‌ലർ റിലീസിന് പിന്നാലെ അതിലെ ലാസ്റ്റ് ഷോട്ട് വൈറലാകുകയാണ്. ഒരു ദണ്ഡ് പോലെയൊരു സാധനവുമായി നിൽക്കുന്ന ഒരു കൈയുടെ ഷോട്ടാണ് ട്രെയ്‌ലറിന്റെ അവസാനം വരുന്നത്. ഇത് ടൊവിനോ ആണെന്നും ദുൽഖർ ആണെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നുണ്ട്. നേരത്തെ സിനിമയിൽ ടൊവിനോയും ദുൽഖറും കാമിയോ റോളുകളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഇത് മമ്മൂട്ടി ആണെന്നും ചിലർ കുറിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന വേളയിൽ മമ്മൂട്ടി ഷൂട്ടിങ് സെറ്റ് സന്ദർശിച്ചിരുന്നു. ഇത് ഈ കാമിയോ റോളിന് വേണ്ടിയാണോ എന്നാണ് ഇപ്പോഴത്തെ സംസാരം. എന്നാൽ അണിയറപ്രവർത്തകരുടെ ഭാഗത്തിനിന്നും ഈ കാമിയോ റോളിനെപ്പറ്റി സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
കല്യാണി പ്രിയദർശന്റെ മാസ് പ്രകടനം ഉറപ്പ് നൽകുന്ന ചിത്രമാകും ലോക എന്നത് ഉറപ്പിക്കുന്ന ട്രെയ്ലർ ആണ് അണിയറപ്രവത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.