MalayalamNews

ദൃശ്യം 3 ക്ലൈമാക്സ് പൂർത്തിയായി, വിഷമഘട്ടത്തിലൂടെയാണ് കടന്ന് പോയതെന്ന് ജീത്തു ജോസഫ്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയുടെ ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്നാണ് ജീത്തു പറയുന്നത്. മിറാഷ്, വലതു വശത്തെ കള്ളൻ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിൽ രാവിലെ മൂന്നരയ്ക്ക് എഴുന്നേൽറ്റാണ് സിനിമയുടെ ക്ലൈമാക്സ് പൂർത്തിയാക്കിയതെന്നും ജീത്തു കൂട്ടിച്ചേർത്തു. താൻ മാനസികമായും ശാരീരികമായും തളർന്നിരുന്നുവെന്നും ഇപ്പോൾ ആശ്വാസമായെന്നും ജീത്തു പറഞ്ഞു.

‘ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3 ക്ലൈമാക്സ് എഴുതി തീർത്തത്. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കി. ഇത്രനാളും അതിന്റെ ഒരു ടെൻഷനിൽ ആയിരുന്നു. മിറാഷ് എന്ന ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ട് വലത്ത് വശത്തെ കള്ളൻ സിനിമയുടെ ഷൂട്ടും ഉണ്ടായിരുന്നു. ഈ സിനിമകളുടെ ചിത്രീകരണത്തിനിടയിൽ എന്നും രാവിലെ മൂന്നര മണിക്ക് എഴുനേറ്റ് ദൃശ്യം 3 എഴുത്തും. ഒരു സ്ട്രഗിൾ ആയിരുന്നു, മെന്റലി ഫിസിക്കലി എല്ലാം വളരെ തളർന്നിരുന്നു. പക്ഷെ ഇന്നലെ ആശ്വാസമായി. ഇവിടെ വന്നപ്പോൾ ഞാൻ ദൃശ്യം സിനിമയുടെ മ്യൂസിക് കേട്ടു. അപ്പോൾ എന്റെ മനസിലൂടെ സിനിമയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മൂന്നാം ഭാഗവും പോയ്‌കൊണ്ടിരിക്കുകയാണ്. അതൊരു വല്ലാത്ത ഫീൽ ആണ്,’ ജീത്തു പറഞ്ഞു. മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button