വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേറ്റിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേക്ഷകർ. ഇതുവരെ താൻ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും തന്റെ പുതിയ ചിത്രമെന്ന് വിനീത് പറഞ്ഞിരുന്നു. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. കരം എന്നാണ് ചിത്രത്തിന്റെ പേര്.ഹെലൻ, ഫിലിപ്സ് എന്നീ ചിത്രങ്ങളിൽ നായകനായെത്തിയ നോബിൾ തോമസ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബൈക്കിൽ തോക്ക് കൈയിൽ പിടിച്ച് ചീറി പായുന്ന നോബിളിനെയാണ് പോസ്റ്ററിൽ കാണാനാവുക. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്ത മാസം പുറത്തുവരും. സെപ്റ്റംബർ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ചെന്നൈ ഇല്ല, ഇത് കളി വേറെ’, ‘ആ കരങ്ങളിൽ നല്ല കഥ കിട്ടിയാൽ ചാർജ് ആവും’- എന്നൊക്കെയാണ് വിനീതിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. 2010 ൽ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാന രംഗത്തേക്ക് എത്തുന്നത്.