അജയ് ദേവ്ഗൺ നായകനായി എത്തുന്ന സിനിമയാണ് സൺ ഓഫ് സർദാർ 2. അശ്വിനി ധിർ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമ സൺ ഓഫ് സർദാറിൻ്റെ രണ്ടാം ഭാഗമാണ് ഇത്. ജൂലൈ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ ഗാനത്തിന്റെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആകെ ട്രോളുകൾ നിറയുകയാണ്.
ഗാനത്തിലെ അജയ് ദേവ്ഗണിന്റെ ഡാൻസ് സ്റ്റെപ്പിനാണ് ട്രോളുകൾ ലഭിക്കുന്നത്.
‘ഇങ്ങനെ ഒരു സ്റ്റെപ്പ് ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ’ എന്നിങ്ങനെയാണ് ഗാനത്തിന് ലഭിക്കുന്ന കമന്റുകൾ. സ്റ്റെപ്പ് കണ്ട് ഒരുപാട് ചിരിച്ചു എന്നും ട്രോളുകൾ വരുന്നുണ്ട്. ‘പെഹ്‌ല തു ദുജാ തു’ എന്നാരംഭിക്കുന്ന പാട്ട് ഒരു പ്രണയഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്ഗണും മൃണാൾ താക്കൂറൂമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ കോമഡി ഴോണറിലാണ് സിനിമയൊരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ ആയിട്ടാണ് സൺ ഓഫ് സർദാർ 2 ഒരുങ്ങുന്നത്.
എഡിൻബർഗ്, ലണ്ടൻ, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അടുത്തിടെ അന്തരിച്ച നടൻ മുകുൾ ദേവിന്റെ അവസാന ചിത്രം കൂടിയാണ് സൺ ഓഫ് സർദാർ. അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, എൻ ആർ പച്ചിസി, പ്രവീൺ തൽരേജ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിരവധി സിനിമകൾക്ക് ഛായാഗ്രാഹകനായി പ്രവർത്തിച്ച വിജയ് കുമാർ അറോറയാണ് ഈ രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യ ഭാഗത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.