MalayalamNews

ഉദയനാണ് താരത്തിന് ശേഷം മലയാളത്തിലേക്ക് ആരും വിളിച്ചിട്ടില്ല; ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാർ

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റേതായി ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹൊറർ കോമഡി വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച റെസ്‌പോൺസാണ് ലഭിക്കുന്നത്. വലിയ കാൻവാസിൻ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന രാജാസാബിലെ പാലസും മറ്റ് സെറ്റുകളെല്ലാം തന്നെ ആകർഷണം നേടിയിരുന്നു. മലയാളിയായ ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാരാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ഇപ്പോഴിതാ ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം തന്നെ ആരും മലയാളത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പറയുകയാണ് ഇദ്ദേഹം. രാജാസാബ് സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങിന് ശേഷം മലയാള മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം എന്നെ ആരും മലയാളത്തിലേക്ക് ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോൾ മലയാളത്തിൽ ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രം 3 ഡി അല്ല. ഇതുവരെ 3 ഡി പ്ലാൻ ചെയ്തിട്ടില്ല. അഖിൽ സത്യൻ സംവിധാനം ചെയുന്ന നിവിൻ പോളി ചിത്രത്തിലും വർക്ക് ചെയ്യുന്നുണ്ട്,’ രാജീവൻ നമ്പ്യാർ പറഞ്ഞു. രാജാസാബ് സിനിമയുടെ സെറ്റിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ‘എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാനാണ് എനിക്കിഷ്ടം, ഇതിൽ ഗോസ്റ്റ് എലമെന്റ് കൊണ്ട് വരാൻ വേണ്ടി കളർ, ഷേപ്പ്, എല്ലാം വ്യത്യസ്തമാക്കി, കോർണേഴ്‌സ് വേണ്ടാന്ന് വെച്ചു, എല്ലാ സൈഡും കർവ്ഡാണ്.അത് ഒരു ഗോസ്റ്റ്‌ലി ഫീൽ കിട്ടാൻ വേണ്ടിയിട്ടാണ്. എല്ലാ സെറ്റിലും വ്യത്യസ്തമാവാനാണ് എനിക്ക് ഇഷ്ടം. ഏകദേശം 42,000 സ്‌ക്വയർ ഫീറ്റ് വലുപ്പമുണ്ടാകും പാലസിന്,’ എന്നായിരുന്നു രാജീവന്‍ പറഞ്ഞത്.

വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ഈ വർഷം ഡിസംബർ അഞ്ചിനാണ് തിയേറ്ററിലെത്തുന്നത്. മാളവിക മോഹനൻ നിധി അഗർവാൾ എന്നിവരാണ് നായികാവേഷങ്ങളിലെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button