യഥാർത്ഥ സംഭവകഥയുമായി ‘അരികൊമ്പൻ’; ടീസർ ശ്രദ്ധേയമാകുന്നു
കാടും കാട്ടാനയും ആദിവാസി ജീവിതവും പ്രമേയമാക്കി മിഥുൻ മഹേശ്വരൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് ‘അരികൊമ്പൻ’. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ട്രാഫിക്കിന്റെ തമിഴ് റീമേക്കിൽ ആസിഫ് അലിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് മിഥുൻ മഹേശ്വരൻ. ഇത്തവണ സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് താരം. എങ്കെയും എപ്പോതും, ചെന്നൈയിൽ ഒരു നാൾ, എങ്കക്കാട്ടുല മഴൈ, ചിക്കികു ചിക്കികിച്ചു, കോക്ക്ടെയിൽ, യുദ്ധസത്തം എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മിഥുൻ.
ആദിവാസി സമൂഹം നേരിടുന്ന ജീവിത പോരാട്ടങ്ങളും ഒരു കാട്ടാനയുമായി അവർക്കുള്ള ബന്ധവുമാണ് സിനിമയുടെ കാതൽ. ഒരു യഥാർത്ഥ സംഭവത്തെ സിനിമയാക്കുകയാണ് സംവിധായകൻ.
ഈ ചിത്രത്തിലൂടെ രണ്ട് അരങ്ങേറ്റങ്ങളും നടക്കുന്നുണ്ട്. സുമേഷ് & രമേഷ് എന്ന മലയാള സിനിമയിലെ നായിക ദേവിക കൃഷ്ണൻ ‘അരികൊമ്പൻ’ലൂടെ തമിഴിൽ നായികയാകുന്നു. അതുപോലെ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് (ഹിന്ദി), മിലി, വേട്ട, ശങ്കർ ദേവഗിരിയുടെ സ്ട്രീറ്റ്ലൈറ്റ് , ജമുനാപ്യാരി, അം ആ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനീഷ് ലാൽ ആർ എസ് തമിഴിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.

പച്ചൈമലയിലെയും കൊല്ലിമലയിലെയും മലയോര ഗ്രാമങ്ങളിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഡിസംബർ 11ന് ചിത്രം തമിഴ്നാട്, കേരളം ഉൾപ്പെടെ ലോകമെമ്പാടും പ്രദർശനത്തിനെത്തും.




