‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ഫൈനൽ എഡിറ്റ് ലോക്ക് ചെയ്തു. സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. മോഹൻലാലിനെ ഒന്നുകൂടി ആഘോഷിക്കാൻ തയ്യാറായിക്കോളൂ എന്നും ചിത്രം ഡിസംബർ 24-ന് തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിൽ ‘ടി. എസ്. ലവ് ലാജൻ’ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ചിത്രത്തിന്റെ വിതരണാവകാശങ്ങളും വലിയ തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിതരണാവകാശം എപിഐ ഇന്റർനാഷണൽ സ്വന്തമാക്കിയപ്പോൾ, അമേരിക്ക ഒഴികെയുള്ള വിദേശ വിപണികളിലെ വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ് സ്വന്തമാക്കി.




