Malayalam

ആ സമയത്ത് കമൽ സാർ പറയും, ‘നീയാണ് ഇവരെ രണ്ടുപേരെയും ചീത്തയാക്കുന്നതെന്ന്’; സ്വപ്നകൂട് ഓർമകളിൽ ജയസൂര്യ

‘സ്വപ്നക്കൂട്’ സിനിമയിൽ അഭിനയിച്ച കാലത്തെ രസകരമായ ഓർമകൾ പങ്കുവെച്ച് ജയസൂര്യ. സിനിമയിൽ ആര് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നോ ആര് മറ്റുള്ളവരെക്കാൾ നന്നായി അഭിനയിക്കുമെന്നോ അന്ന് തങ്ങൾ ചിന്തിച്ചിരുന്നില്ലെന്ന് ജയസൂര്യ പറയുന്നു. പകരം, ഓരോരുത്തർക്കും സിനിമയിലേക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയുമെന്നതായിരുന്നു പ്രധാനമെന്നും നടൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ‘സ്വപ്നക്കൂട് കാണുമ്പോൾ എനിക്ക് ഇപ്പോഴും ഒരുപാട് ഓർമകളാണ്. സിനിമയിൽ ഇവർ സ്കോർ ചെയ്യുമോ, അവർ സ്കോർ ചെയ്യുമോ എന്ന ചിന്ത അന്നും ഉണ്ടായിരുന്നില്ല. അത് സ്വപ്നക്കൂട് ചെയ്യുമ്പോഴായാലും അമർ അക്ബർ അന്തോണി ചെയ്യുമ്പോഴായാലും അങ്ങനെയൊരു ചിന്തയില്ല. ഓരോരുത്തർക്കും എന്തെല്ലാം സംഭാവന ചെയ്യാൻ കഴിയും എന്നതുമാത്രമാണ് ചിന്തിച്ചിരുന്നത്. മറ്റുള്ളവരെ തോൽപ്പിക്കണം എന്നൊന്നും കരുതിയിട്ടില്ല’.

‘അന്ന് ഞങ്ങൾ മൂന്നുപേരും കുറച്ചുകൂടി ചെറുപ്പമായിരുന്നു. സെറ്റിൽ ഭയങ്കര കോമഡി ആയിരുന്നു. അതിൽ ഞാൻ തന്നെയാണ് ബ്രാൻഡ് അംബാസഡർ. കാരണം, രാജുവും ചാക്കോച്ചനും കുറച്ചുകൂടി ഗൗരവമുള്ള പശ്ചാത്തലങ്ങളിൽനിന്നും സിനിമകളിൽനിന്നുമൊക്കെയാണ് വരുന്നത്. ഞാൻ മിമിക്രിയും കാര്യങ്ങളുമൊക്കെയായിട്ടാണ് സിനിമയിലെത്തിയത്. കമൽ സാർ ദേഷ്യപ്പെടുമ്പോൾ പറയും, ‘നീ ഒറ്റ ഒരുത്തൻ കാരണമാണ് ഇവർ രണ്ടുപേരെയും ചീത്തയാക്കുന്നത്’ എന്ന്. അതൊക്കെ ഭയങ്കര രസമുള്ള ഓർമകളാണ്’, ജയസൂര്യ പറഞ്ഞു. ‘രാജുവും ചാക്കോച്ചനും ഞാനും തമ്മിലുള്ള സൗഹൃദം ഭയങ്കര രസമുള്ളതായിരുന്നു. നമ്മുടെ നാട് വിട്ട് പുറത്തുപോയി ഷൂട്ട് ചെയ്യുക എന്നതൊക്കെ പുതിയൊരു അനുഭവമല്ലേ.

ഭാവനയും മീരയും ലൊക്കേഷനിൽ എപ്പോഴും ബഹളവും തമാശയും കളിയും ചിരിയുമൊക്കെയായി ഉണ്ടാകും. കമൽ സാറിന് അവിടെ നിന്ന് ‘സൈലൻസ്’ എന്ന് പറയാനേ നേരമുണ്ടായിരുന്നുള്ളൂ’, സ്വപ്നകൂട് ഷൂട്ടിങ് ലൊക്കേഷനിൽ കൂടുതൽ സ്വാതന്ത്രം ഉണ്ടായിരുന്നെന്നും അവിടെ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാനും സാധിച്ചെന്നും നടൻ കൂട്ടിച്ചേർത്തു. അതേസമയം, പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ- വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 22ന് തിയേറ്ററുകളിൽ എത്തും. നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button