Tamil

‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തമിഴ് പതിപ്പ് ടീസർ പുറത്തിറങ്ങി; ചിത്രം തിയറ്ററുകളിൽ

മലയാളത്തിൽ വലിയ വിജയം നേടുകയും 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്ത ഷഹദ് സംവിധാനം ചെയ്ത ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ളതാണ് ടീസർ. ചിത്രം ഒക്ടോബർ 23-ന് തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ മികച്ച പ്രതികരണം നേടിയ ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സ് ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് തുടരുകയാണ്. പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണിത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധാനം, തിരക്കഥ, സംഗീതം, എഡിറ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം ഒത്തുവന്ന ഒരു മികച്ച ത്രില്ലർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ഇവരോടൊപ്പം പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ആർ. ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചമൻ ചാക്കോ (എഡിറ്റിംഗ്), റോബി രാജ് (ഛായാഗ്രഹണം), മുജീബ് മജീദ് (സംഗീതം) എന്നിവരാണ് പ്രധാന സാങ്കേതിക പ്രവർത്തകർ. മനോജ് കുമാർ പി. (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ദീപക് രാജ (ലൈൻ പ്രൊഡ്യൂസർ), സനൂപ് ചങ്ങനാശ്ശേരി (പ്രൊഡക്ഷൻ കൺട്രോളർ), ജോസഫ് കെ. തോമസ് (ഫിനാൻസ് കൺട്രോളർ), ജയദേവൻ ചക്കടത്ത് (സൗണ്ട് ഡിസൈൻ), മഹേഷ് മോഹൻ (കലാസംവിധാനം), കലൈ കിംഗ്‌സൺ (ആക്ഷൻ), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button