റിലീസിന് മുൻപേ വമ്പൻ ബിസിനസ്സ് ഡീലുകൾ ഉറപ്പിച്ച് സൂര്യ നായകനാകുന്ന കാർത്തിക്ക് സുബ്ബരാജ് ചിത്രം റെട്രോ. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം സൺ ടിവിക്കും ആണ്. കങ്കുവ എന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പരാജയം നടന്റെ താരമൂല്യം ഇടിഞ്ഞു എന്ന് ഇന്ഡസ്ട്രിക്കുള്ളിൽ സംസാരമുണ്ടായിരുന്നു. സൂര്യ കർണൻ ആയി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രവും തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു.
കങ്കുവ തിയറ്ററുകളിലെത്തുന്നതിന് മുൻപേ തന്നെ സൂര്യ റെട്രോയുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. “ജിഗർതണ്ട ഡബിൾഎക്സ് പൂർത്തിയാക്കി നിൽക്കുന്ന സമയം സൂര്യ സാർ എന്നോട് തിരക്കഥ കേൾക്കാൻ തയാറുണ്ടെന്നു പറയുകയും, അപ്പോൾ കൈവശമുള്ള പൂർത്തിയാക്കിയ തിരക്കഥയായിരുന്ന റെട്രോ ഞാൻ സൂര്യയെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. കഥ കേട്ട സൂര്യ ഉടൻ തന്നെ ചിത്രീകരണമാരംഭിക്കം എന്ന് നിർദേശിക്കുകയായിരുന്നു” കാർത്തിക്ക് സുബ്ബരാജ് പറയുന്നു.
ദേഷ്യവും കയ്യാങ്കളിയുമായി ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന പാരിവേൽ കണ്ണൻ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് രുക്മിണി എന്നൊരു പെൺകുട്ടി കടന്നു വരുന്നു. അവർക്കൊരുമിച്ച് ജീവിക്കാനായി, അയാൾ സ്വയം മാറാൻ തയാറാക്കുകയും അതിനായി ഒരു വലിയ പ്രതിസന്ധി അതിജീവിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജാണ്. ജയറാമും റെട്രോയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.