പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ തിയേറ്ററിൽ പ്രേക്ഷകപ്രീതി നേടി പ്രദർശനം തുടരുകയാണ്. വിഷ്ണു മഞ്ജു നായകനായ ചിത്രത്തില്‍ പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നീ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. ബിഗ് ഡ്ജറ്റിലൊരുങ്ങിയ ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം സംവിധാനം ചെയ്യാനായി എന്തുകൊണ്ടാണ് ഒരു ബോളിവുഡ് സംവിധായകനെ കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് വിഷ്ണു മഞ്ജു.
തന്റെ മുൻ സിനിമകൾ പരാജയമായതിനാൽ കണ്ണപ്പയുടെ സ്ക്രിപ്റ്റുമായി തെലുങ്കിലെ മുൻനിര സംവിധായകരെ സമീപിച്ചിരുന്നെങ്കിൽ ആരും തന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമായിരുന്നില്ലെന്ന് പറയുകയാണ് വിഷ്ണു മഞ്ജു. ‘എന്റെ കഴിഞ്ഞ കുറച്ച് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നില്ല. മുകേഷ് കുമാർ സിംഗ്, ‘മഹാഭാരതം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഒരു ഇന്ത്യൻ ഇതിഹാസം അതിഗംഭീരമായി അവതരിപ്പിച്ച വ്യക്തിയാണ്. ‘കണ്ണപ്പ’ അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിമാണെങ്കിലും, ഞാൻ അദ്ദേഹത്തിന് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചു. അദ്ദേഹം ഒളിഞ്ഞിരിക്കുന്ന ഒരു രത്നമാണ്. അത്തരം പ്രതിഭകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു’, വിഷ്ണു മഞ്ജു പറഞ്ഞു.
മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യൻ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു ആണ് നിർമിച്ചിരിക്കുന്നത്. അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ് എന്നിവരാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാർ.