ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘വീര ധീര സൂരൻ’. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്. ഇപ്പോഴിതാ ആഗോളതലത്തിൽ ചിത്രം 52 കോടി കടന്നിരിക്കുകയാണ്. പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എമ്പുരാനൊപ്പമായിരുന്നു വീര ധീര സൂരനും തിയേറ്ററുകളിൽ എത്തിയിരുന്നത്. തമിഴ്നാട്ടില്‍ എമ്പുരാനെക്കാളും കളക്ഷന്‍ വിക്രം ചിത്രത്തിനാണ് എന്നാണ് റിപ്പോർട്ടുകൾ. വീര ധീര സൂരന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നതും. മികച്ച പ്രകടനമാണ് ചിയാൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്.