MalayalamNews

ഞെട്ടിച്ച് ‘നരിവേട്ട’, ടോവിനോയുടെ കരിയർ ബെസ്റ്റ്!

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘നരിവേട്ട’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’യ്ക്ക് എങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2018, എ ആർ എം എന്നീ ചിത്രങ്ങൾക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘നരിവേട്ട’യുടെ വിജയം ടോവിനോ തോമസ് എന്ന നടന്റെയും താരത്തിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ സമൂഹത്തില്‍ പാർശ്വവല്‍ക്കരിക്കപ്പെട്ടവരെ ഭരണകൂടം എങ്ങനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ഗൗരവമായി തന്നെ ആവിഷ്കരിക്കുന്ന ചിത്രത്തിന്റെ രാഷ്ട്രീയ വശങ്ങളെ പറ്റി ഓസ്ട്രേലിയൻ രാജ്യത്തു പോലും വലിയ അഭിപ്രായങ്ങളും ചർച്ചകളുമാണ് ഇപ്പോൾ നടക്കുന്നത്. ചിത്രം ഒടിടി യിൽ വരുന്നതിനായി കാത്തിരിക്കരുതെന്നും മസ്റ്റ് തീയട്രിക്കൽ വാച്ച് ആണെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന നരിവേട്ട ടോവിനോയുടെ കരിയർ ബെസ്റ്റ് കഥാപാത്രം കൂടിയാണ്.

സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ എന്ന നിലയിൽ അനുരാജ് മനോഹറും കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button