ChithrabhoomiNews

‘2018’ന്റെ പ്രദർശനം; കളക്ഷൻ തുക മ്യാൻമാർ ഭൂകമ്പ ദുരിതബാധിതർക്ക് എന്ന് ടൊവിനോ

2023 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ 2018. ഇപ്പോഴിതാ തായ്‌വാനിലെ തായ്‌പേയിൽ 2018 ന്റെ സ്പെഷ്യൽ സ്ക്രീനിങ് നടത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. തായ്പേയ് ഫിലിം ഹൗസിൽ വച്ചായിരുന്നു ചിത്രത്തിന്റെ പ്രദർശനം. സ്ക്രീനിങ്ങിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പ ബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകുമെന്ന് ടൊവിനോ അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും, മനുഷ്യ നിർമിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ ആ മായജാലത്തിനു കഴിയുമെന്നും, നമ്മൾ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിൻ റിയാക്ഷൻ പോലെ നന്മകളിൽ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണെന്നും ടൊവിനോ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

തായ്‌വാനിലെ തായ്പേയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വർഷം നിങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ARM, ഇവിടെ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്. അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു.

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018 എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും തുടർന്ന് ഒരു ഓപ്പൺ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസിൽ സംഘടിപ്പിക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു. ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.

സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും, മനുഷ്യനിർമിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ ആ മായജാലത്തിനു കഴിയുമെന്നും, നമ്മൾ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിൻ റിയാക്ഷൻ പോലെ നന്മകളിൽ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേർതിരിവുമില്ലാതെ മനുഷ്യൻ മനുഷ്യനെ ചേർത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വർഷം നേർന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button