ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ വമ്പൻ കളക്ഷൻ തന്നെയാണ് നേടുന്നത്.
സിനിമ ഇതുവരെ തമിഴ്‌നാട് ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ആദ്യ 50 കോടി ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറിയിരിക്കുകയാണ്. ശശികുമാറിനും സിമ്രാനുമൊപ്പം ‘ആവേശം’ എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രം കണ്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിളിച്ചെന്ന സന്തോഷവാര്‍ത്തയും സംവിധായകന്‍ അബിഷന്‍ പങ്കുവെച്ചിരുന്നു. ‘സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ എക്‌സ്ട്രാ ഓര്‍ഡിനറി’ എന്ന് രജനികാന്ത് പറഞ്ഞുവെന്നാണ് അബിഷന്‍ പങ്കുവെച്ച ചിത്രത്തിന്റെ ക്യാപ്ഷനില്‍ നിന്നും മനസിലാകുന്നത്. ‘ഈ ഫോണ്‍ കോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സൂപ്പര്‍ ഹ്യൂമനില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ കോള്‍ ലഭിച്ചു’, എന്നാണ് അബിഷന്‍ ജിവിന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയതിലെ ഒരു മികച്ച സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ചിത്രത്തിലെ ഹ്യൂമറും, ഇമോഷന്‍സും, ഡ്രാമയുമെല്ലാം സംവിധായകന്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നില്‍ക്കുന്ന പ്രകടനങ്ങള്‍ സിനിമയ്ക്കൊരു മുതല്‍ക്കൂട്ടാണെന്നും പ്രതികരണങ്ങള്‍ ഉണ്ട്.
ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതമൊരുക്കിയതും ഷോണ്‍ റോള്‍ഡന്‍ ആയിരുന്നു. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമന്‍ ആണ്.