2025 അതിന്റെ ആദ്യപകുതിയിൽ എത്തി നിൽക്കുകയാണ്. സൂര്യയും അജിത്തും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ വമ്പൻ റിലീസുകൾ ഉൾപ്പടെ നിരവധി സിനിമകളാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ മെയ് മാസം വരെയുള്ള കോളിവുഡിന്റെ തിയേറ്റർ വിജയങ്ങൾ സംബന്ധിച്ച കണക്കുകളാണ് ശ്രദ്ധ നേടുന്നത്. മെയ് 26 വരെയുള്ള കണക്കുകൾ പ്രകാരം കോളിവുഡിൽ ആറ് തിയേട്രിക്കൽ ഹിറ്റുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്ന് പ്രമുഖ ട്രാക്കറായ രാജശേഖർ റിപ്പോർട്ട് ചെയ്യുന്നു. വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത മദ ഗജ രാജ എന്ന സിനിമയാണ് ഈ വർഷത്തെ ആദ്യ തിയേറ്റർ വിജയം. ചില സാമ്പത്തിക ബാധ്യതകൾ കാരണം റിലീസ് മുടങ്ങിയ ചിത്രം 12 വർഷങ്ങൾക്ക് ശേഷമാണ് റിലീസിനെത്തിയത് എന്നതും ശ്രദ്ധേയമാണ്.
കുടുംബസ്ഥൻ, ഡ്രാഗൺ, ഗുഡ് ബാഡ് അഗ്ലി, ടൂറിസ്റ്റ് ഫാമിലി, മാമൻ എന്നീ സിനിമകളും തിയേറ്ററുകളിൽ വിജയം നേടി. ഇതിൽ അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ് ടോപ് ഗ്രോസർ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടിയതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.രാജശേഖരന്റെ റിപ്പോർട്ട് പ്രകാരം ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം തിയേറ്ററുകളിൽ ഏറ്റവും അധികം പണം നേടിയത് പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ എന്ന സിനിമയാണ്. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് ചിത്രം നേടിയത്.
അനുപമ പരമേശ്വരൻ, കയാതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ സിനിമകൾ മികച്ച കളക്ഷൻ നേടിയെങ്കിലും നിർമ്മാതാക്കൾക്കും എക്സിബിറ്റേഴ്‌സിനും ഏറ്റവും ലാഭം നൽകിയ ചിത്രം ടൂറിസ്റ്റ് ഫാമിലിയാണ്. ചെറിയ ബജറ്റിൽ ഒരുങ്ങിയ സിനിമ 75 കോടിയിലധികമാണ് ആഗോളതലത്തിൽ നേടിയത്. ഇവയ്ക്ക് പുറമെ സൂര്യ-കാർത്തിക് സുബ്ബരാജ് ടീമിന്റെ റെട്രോ തിയേറ്റർ ഷെയർ, സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് തൂടങ്ങിയവയിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.