Telugu

100 കോടി കടന്ന് ‘ദ് രാജാസാബ്’; കണക്ക് പുറത്തുവിട്ട് നിർമാതാക്കൾ

പ്രഭാസിന്റേതായി ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ദ് രാജാസാബ്. മാരുതി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ജനുവരി 9ന് റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണിപ്പോൾ. ബാഹുബലിയ്ക്ക് ശേഷം ആദ്യ ദിനം തുടർച്ചയായി 100 കോടി നേടുന്ന ആറാമത്തെ പ്രഭാസ് ചിത്രമാണ് ‘ദ് രാജാസാബ്’. പ്രമുഖ ഇൻഡസ്ട്രി ട്രാക്കിങ് വെബ്സൈറ്റായ് സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 112 കോടിയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്. പ്രഭാസിന്റേതായി ഇതിന് മുൻപ് റിലീസിനെത്തിയ കൽക്കി 2898 എഡി 191 കോടിയാണ് ആദ്യ ദിനം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്.

പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാൻ ഇറാനി, മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി. അതേസമയം ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നിരുന്നു. മൂന്ന് മണിക്കൂറിലേറെയുള്ള ചിത്രത്തിന്റെ ദൈർഘ്യം ആസ്വാദനത്തെ ബാധിക്കുന്നതാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രഭാസിന്റെ വയസായുള്ള ​ഗെറ്റപ്പ് ഇന്നത്തെ ഷോയിൽ നിന്ന് വെട്ടിക്കുറച്ചിരുന്നു. എന്നാൽ ആരാധകർ ഇതിൽ നിരാശരാണെന്നും ആ രം​ഗം ചേർത്ത് പുതിയ പതിപ്പ് റിലീസ് ചെയ്യുമെന്നും ചിത്രത്തിന്റെ സംവിധായകൻ മാരുതി അറിയിച്ചു.

‘‘നിരവധി പ്രഭാസ് ആരാധകർ നിരാശരാണ്, അവർ പൂർണമായും തൃപ്തരല്ല. അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത്, ഞങ്ങൾ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തുകയും വയസ്സൻ ഗെറ്റപ്പിലുള്ള പ്രഭാസിന്റെ രംഗം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഈ പുതുക്കിയ പതിപ്പ് ഇന്ന് വൈകുന്നേരം 6 മണി മുതൽ പ്രദർശിപ്പിക്കുന്നതാണ്.’’ -മാരുതി പറഞ്ഞു.മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ വലിയ വിമർശനവുമായാണ് എത്തുന്നത്. കഥയുടെയും മേക്കിങിന്റെയും നിലവാരമില്ലായ്മയാണ് ആളുകൾ എടുത്തു പറയുന്നത്. പല രംഗങ്ങളിലും പ്രഭാസിന്റെ തല വരെ വിഎഫ്എക്സ് വച്ച് വെട്ടി ചേർത്തിരിക്കുകയാണെന്നും ഇവർ പറയുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തോടെയാണ് ദ് രാജാസാബ് പ്രേക്ഷകരിലേക്ക് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button