സൂര്യയെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷൻ ചിത്രമാണ് ‘അഞ്ചാൻ’. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവത്തിലൊരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും എല്ലാം വിമർശനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്
അഞ്ചാന്റെ ഹിന്ദി റീ എഡിറ്റഡ് പതിപ്പ് കണ്ട് അത്ഭുതപ്പെട്ടുപോയെന്നും ആ പതിപ്പ് ഉടൻ തമിഴിൽ എത്തിക്കാനുള്ള പരിപാടികൾ നടക്കുകയാണെന്നും ലിംഗുസാമി ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അഞ്ചാന്റെ ഹിന്ദി വേർഷൻ യൂട്യൂബിൽ വലിയ ഹിറ്റാണ്. ഹിന്ദിയിൽ റീ എഡിറ്റഡ് വേർഷൻ ആണ് റിലീസായത്. ആ വേർഷൻ കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഇത് എനിക്ക് തോന്നിയില്ലല്ലോ എന്നാണ് അത് കണ്ടിട്ട് തോന്നിയത്. ആ റീ എഡിറ്റഡ് വേർഷൻ ഉടൻ തമിഴിൽ റിലീസ് ചെയ്യും’, ലിംഗുസാമി പറഞ്ഞു.
വിദ്യുത് ജംവാൽ, സാമന്ത, മനോജ് ബാജ്പെ, സൂരി, മുരളി ശർമ്മ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. യുവൻ ശങ്കർ രാജയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിദ്ധാർത്ഥ് റോയ് കപൂർ, എൻ സുബാഷ് ചന്ദ്രബോസ് എന്നിവരാണ് സിനിമ നിർമിച്ചത്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് നിരവധി ട്രോളുകളാണ് സൂര്യയ്ക്കും ലിംഗുസാമിക്കും നേരിടേണ്ടി വന്നിരുന്നത്.