തമിഴിലെ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സുന്ദർ സി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അരന്മനൈ 4 വലിയവിജയമായിരുന്നു സുന്ദറിന് നേടികൊടുത്തിരുന്നത്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ സിനിമകളിൽ ഗ്ലാമർ സീനുകൾ കൂടുതലാണെന്ന അഭിപ്രായത്തോട് പ്രതികരിക്കുകയാണ് സംവിധായകൻ. തന്റെ ഒരു സിനിമയിലും ദ്വയാർത്ഥ സംഭാഷണങ്ങളോ വയലൻസോ ലെെംഗികാതിക്രമ സീനുകളോ ഇല്ലെന്നും കുടുംബ പ്രേക്ഷകരാണ് തന്റെ ഓഡിയൻസ് എന്നും പറയുകയാണ് സുന്ദർ. ഗ്ലാമർ ചിത്രീകരിക്കുന്ന ക്യാമറ ആംഗിളുകളാണ് പ്രശ്‍നമെന്നും താൻ അങ്ങനെ സിനിമയിൽ ചെയ്യാറില്ലെന്നും സുന്ദർ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്റെ സിനിമയുടെ ടാർഗറ്റ് ഓഡിയൻസ് ഫാമിലിയും കുട്ടികളും ആണ്. അവർ കണ്ട് എൻജോയ് ചെയുന്ന സിനിമ ചെയ്യാനാണ് എനിക്കും താല്പര്യം. ഡബിൾ മീനിംഗ് സംഭാഷണങ്ങൾ എന്റെ സിനിമയിൽ ഞാൻ ഉപയോഗിക്കാറില്ല, ഗ്ലാമർ ഗാനത്തിന് ഞാൻ ഒരിക്കലും തെറ്റായ ആംഗിൾ ഉപയോഗിച്ചിട്ടില്ല, പ്രത്യേക ഐറ്റം നമ്പർ ഇല്ല, സിനിമയിൽ വയലന്റ് ബ്ലഡ് രംഗങ്ങളില്ല, റേപ്പ് സീനുകൾ ഇല്ല.
ഗ്ലാമർ വേഷത്തിൽ നായിക വന്നാലും നിങ്ങൾ ചിത്രീകരിക്കുന്ന രീതിയാണ് മുഖ്യം. സാരിയിൽ വരുന്ന ഒരു നായിക ആണെങ്കിലും ക്യാമറ ആംഗിൾ വെക്കുന്ന രീതിയിൽ അതിനെ ഗ്ലാമറായി എടുക്കാം. ഞാൻ ഒരിക്കലും അത്തരം കാര്യങ്ങൾ ചെയ്യില്ല. നന്നായി ചിത്രീകരിക്കണം എന്ന് മാത്രമേ എനിക്കുള്ളൂ കാരണം ഫാമിലിയ്ക്ക് കാണാനാണ് സിനിമ ചെയ്യുന്നത്. അവർ എൻജോയ് ചെയ്യണം,’ സുന്ദർ സി പറഞ്ഞു.