നടൻ ശ്രീനാഥ് ഭാസി നായകനായ ‘ആസാദി’ എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. ‘ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് ഇപ്പോള്‍ ഞാന്‍. ഈ സമയത്ത് ആസാദി എന്ന സിനിമ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന്’ ശ്രീനാഥ് ഭാസി പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ശ്രീനാഥ് ഭാസിയെ ബന്ധിപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്നും സിനിമ മേഖലയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിൻ്റോയും നിർമാതാവിൻ്റെ സഹായി ജോഷിയുമാണ് ഇന്ന് ഹാജരായത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ഒന്നാം പ്രതി തസ്ലിമയുമായി എന്തിനാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത് എന്നറിയാണ് ഇരുവരെയും വിളിച്ചു വരുത്തിയത്.
താൻ നിരപരാധിയാണെന്ന് ജിൻ്റോ പറഞ്ഞു . തസ്ലിമയുമായി പരിചയമുണ്ടെന്ന് സമ്മതിച്ച ജിൻ്റോ തസ്ലിമയ്ക്ക് പണം നൽകിയത് രണ്ട് തവണയാണെന്നും അച്ഛൻ മരിച്ചെന്ന് പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തതെന്നും പറഞ്ഞു. ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ജിൻ്റോ പറഞ്ഞു. തങ്ങൾക്ക് ഹൈബ്രിഡ് കഞ്ചാവുമായി ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ മാത്രമാണുള്ളതെന്ന് ജോഷി പറഞ്ഞു