ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും വിവാഹിതരാകുന്നത്. ഇരുവരുടെയും മിശ്ര വിവാഹം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ഒരുഘട്ടത്തില്‍ താര ദമ്പതികള്‍ക്കെതിരെ അധിക്ഷേപങ്ങളുമുയര്‍ന്നിരുന്നു. ഇതോടെ സാമൂഹിക മാധ്യമങ്ങളിലെ വിവാഹചിത്രങ്ങളുടെ കമന്റ് ബോക്‌സ് ഇരുവരും പൂട്ടി. തന്റെ വിവാഹത്തെക്കുറിച്ചും കമന്റ് ബോക്‌സ് പൂട്ടിയതിനെക്കുറിച്ചും നടി സോഹ അലി ഖാന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് സൊനാക്ഷിയിപ്പോൾ. ആളുകൾ എന്തിനാണ് തങ്ങളുടെ കാര്യത്തിൽ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സൊനാക്ഷി പറഞ്ഞു.
“എല്ലാവരും എന്തിനാണ് ഇത്രയധികം ദേഷ്യപ്പെട്ടതെന്നും അതിൽ ബോധവാൻമാരാകുകയും ചെയ്തത് എന്ന് എനിക്കറിയില്ല. സത്യം പറഞ്ഞാൽ, ഇതൊക്കെ വെറും ബഹളം മാത്രമാണ്. മിശ്രവിവാഹം നടത്തിയ ആദ്യത്തെ ആളല്ല ഞാന്‍. അവസാനത്തേതുമല്ല. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണത്. അതില്‍ എനിക്കറിയാത്ത ആളുകള്‍ പോലും അഭിപ്രായം പറഞ്ഞു. ആ സമയത്ത് തന്നെ അത് വെറും മണ്ടത്തരമായി തോന്നിയിരുന്നു. ഞങ്ങൾ വളരെക്കാലമായി ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, ഒടുവിൽ അത് സംഭവിച്ചു. ബാക്കിയുള്ള ജീവിതം ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത് ഞങ്ങള്‍ക്ക് വളരെ മനോഹരമാണ്. അതിനാലാണ് ആ ബഹളങ്ങള്‍ ഒഴിവാക്കിയത്”, നടി പറഞ്ഞു.
“പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രം നമ്മളിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ആ സമയത്ത് അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മൾ ജീവിക്കുന്നത് ഒരു സോഷ്യൽ മീഡിയ ലോകത്താണ്, അതുകൊണ്ട് എനിക്ക് എന്റെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു. എന്റെ വിവാഹദിനത്തിൽ എന്നെക്കുറിച്ചോ, എന്റെ പങ്കാളിയെക്കുറിച്ചോ, എന്റെ കുടുംബത്തെക്കുറിച്ചോ ഒരു നെഗറ്റീവ് കാര്യം പോലും വായിക്കാൻ ഞാൻ ആഗ്രഹിച്ചില്ല”.- സൊനാക്ഷി കൂട്ടിച്ചേർത്തു. 2013 ലാണ് സൊനാക്ഷിയും സഹീര്‍ ഇക്ബാലും ആദ്യമായി കണ്ടുമുട്ടുന്നത്. സല്‍മാന്‍ ഖാന്റെ പാര്‍ട്ടികളിലായിരുന്നു പരിചയം. 2017 ല്‍ ഇരുവരും പ്രണയം തിരിച്ചറിഞ്ഞു. 2024 ല്‍ സ്‌പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായി.




