സൂര്യ – കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് റെട്രോ. വൻ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതുവരെ പുറത്തുവന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ഇപ്പോഴിതാ റെട്രോ പ്രൊമോഷന്റെ ഭാഗമായി സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും പൂജ ഹെഗ്ഡെയും നാളെ കേരളത്തിലെത്തും. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് റെട്രോയുടെ പ്രീ ലോഞ്ച് ഇവന്റ്. സൂര്യയ്ക്കും പൂജയ്ക്കുമൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. മെയ് ഒന്നിനാണ് റെട്രോ തിയറ്ററുകളിലെത്തുക.
ചിത്രത്തിന്റെ ട്രെയ്‌ലർ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു. മലയാളി കൂടിയായ സംവിധായകൻ അൽഫോൻസ് പുത്രനാണ് ട്രെയ്‌ലർ കട്ട് ചെയ്തത്. ജോജു ജോർജിനും ജയറാമിനും പുറമെ സുജിത് ശങ്കർ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുറത്തുവന്ന പാട്ടുകളും ഹിറ്റായി മാറിയുന്നു.