Chithrabhoomi

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ഒരു മോഹൻലാൽ ചിത്രം; എഐ ഉപയോഗിക്കാത്തതിന്റെ കാരണം പറഞ്ഞ് പൃഥ്വിരാജ്

ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങളുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായിനയന്‍സെന്‍സ് എന്ന യുട്യൂബ് ചാനലിന്നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം L3യെ കുറിച്ച് സംസാരിച്ചത്. എമ്പുരാനില്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ എഐ പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാതിരുന്നത് എന്നതിനെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നെന്നും പൃഥ്വി പറഞ്ഞു. ‘സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3യില്‍ ഉണ്ടാകും. പക്ഷെ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും. ഈ യങ് വേര്‍ഷന്‍ കാണിക്കാന്‍ എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഓര്‍ഗാനിക്കായിരിക്കണം ആ രംഗങ്ങളെന്ന് ഉണ്ടായിരുന്നു.

ഭാഗ്യത്തിന് എനിക്ക് പ്രണവിനെ ലഭിച്ചു. ആ ലുക്കില്‍ പ്രണവിന് ലാല്‍ സാറുമായി വലിയ സാമ്യവും തോന്നുന്നുണ്ട്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പോലെയുള്ള ചിത്രങ്ങളില്‍ ഇരുപതുകളിലെ മോഹന്‍ലാലിനെ കാണാം. ആ ഒരു ലുക്ക് പ്രണവിനുണ്ട്. എമ്പുരാനിലെ പ്രണവിന്റെ സീനുകള്‍ക്കുള്ള ഞങ്ങളുടെ റഫറന്‍സ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ ലാല്‍ സാറിന്റെ ചിത്രങ്ങളായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ 3യില്‍ റിക്ക് യൂണ്‍ അവതരിപ്പിച്ച ഷെന്‍ലോംഗ് ഷെന്നിനെ കൂടാതെ, കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗത്തില്‍ മമ്മൂട്ടി ഉണ്ടാകുമോ എന്ന ചോദ്യത്തോട് അതേകുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

വിവാദങ്ങള്‍ക്കും റീസെന്‍സറിങ്ങിനും ഇടയിലും വലിയ കളക്ഷനായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ നിന്നും നേടിയത്. സിനിമ 260 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റ് പദവിയും സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രമേയത്തിന് കയ്യടികള്‍ ലഭിച്ചെങ്കിലും മേക്കിങ്ങില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്നാം ഭാഗം ഈ കുറവുകളെല്ലാം പരിഹരിച്ചാകും എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button