റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി സിനിമയാണ് ദി രാജസാബ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തുന്നത്.റിദ്ധി കുമാറും മാളവിക മോഹനും നിധി അഗർവാളുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ നടി റിദ്ധി കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്ന് വർഷം മുൻപ് പ്രഭാസ് സമ്മാനിച്ച സാരിയിലാണ് നടി പരിപാടിയിൽ എത്തിയത്, ജീവിതത്തിൽ പ്രഭാസിനെ ലഭിച്ചതിൽ കടപ്പെട്ടിരിക്കുന്നുവെന്നാണ് നടി പറയുന്നത്.
‘ആദ്യമായി പ്രഭാസിന് വളരെയധികം നന്ദി പറയുന്നു. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് നിങ്ങൾ കാരണമാണ്. നിങ്ങളാണ് ഈ ചിത്രത്തിലേക്ക് എന്നെയെടുത്തത്. നിങ്ങൾ നൽകിയ സാരിയാണ് ഞാനുടുത്തിരിക്കുന്നത്, ഇന്നുടുക്കാൻ വേണ്ടിമാത്രം അത് മൂന്നുവർഷത്തോളം എടുത്തുവച്ചു. നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു,’ റിദ്ധി പറഞ്ഞു.
റിദ്ധിയുടെ പ്രസംഗം സാമൂഹികമാധ്യമത്തിൽ വൈറലായതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. പ്രഭാസിനെ ജീവിതത്തിൽ കിട്ടിയതിൽ കടപ്പെട്ടിരിക്കുന്നുവെന്ന് നടി പറഞ്ഞതിൽ നിന്നാണ് ആരാധകർക്ക് സംശയം തുടങ്ങിയത്. 2022-ൽ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇരുവരും തമ്മിൽ സൗഹൃദമാക്കാം എന്നും ആരാധകർ കുറിയിക്കുന്നുണ്ട്.
ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് ഹൊറർ എന്‍റർടെയ്നറായാണ് ‘രാജാസാബ്’ തിയേറ്ററുകളിൽ എത്തുന്നത്. ജനുവരി 9 നാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നത്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരിലും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.




