മണിരത്‌നം കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ കര്‍ണാടകയിലെ നിരോധനം ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. എം. മഹേഷ് റെഡ്ഡി എന്ന വ്യക്തിയാണ് സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രത്തിന് കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് വെള്ളിയാഴ്ച പരിഗണിക്കും.
സിനിമ തിയേറ്ററുകളിൽ പ്രദര്‍ശിപ്പിച്ചാല്‍ തീയിടുമെന്ന് തീവ്രസ്വഭാവമുള്ള സംഘടനകള്‍ പരസ്യഭീഷണി മുഴക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. നവ്പ്രീത് കൗര്‍ കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് പി കെ മിശ്രയുടെ ബെഞ്ച് ആദ്യം വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ജസ്റ്റിസ് മിശ്ര ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നതായും അനുകൂലവിധിയുണ്ടായില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
ജൂണ്‍ അഞ്ചിന് ആഗോള റിലീസായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്തിരുന്നില്ല. ‘തഗ് ലൈഫി’ന്റെ പ്രൊമോഷന്‍ പരിപാടിയില്‍ കന്നഡ ഭാഷ തമിഴില്‍നിന്നുണ്ടായതാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം കര്‍ണാടകയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പരാമര്‍ശത്തില്‍ മാപ്പുപറയാത്തിടത്തോളം കമല്‍ഹാസന്‍ ചിത്രങ്ങള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.