MalayalamNews

മലയാള സിനിമയിൽ ആദ്യം; വേറിട്ട നീക്കവുമായി ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ലോഗോ പുറത്ത്. മലയാളത്തിൽ ആദ്യമായി ആണ് ഒരു ചിത്രത്തിൻ്റെ ലോഗോ റിലീസ് ചെയ്യുന്നത്. “They Live Among Us” (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്.

ചില രഹസ്യങ്ങളും ദുരൂഹതകളും മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാപശ്ചാത്തലവും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും അതിൻ്റെ പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യത്തിൻ്റെ സൂചനയും ഇത് നൽകുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ അധികം വൈകാതെ തന്നെ പുറത്ത് വിടും. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ കുറച്ചു നാളുകൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോൾ നിർമ്മാതാവ് ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനൊപ്പം മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് എത്താനൊരുങ്ങുന്നത്.

ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ : ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button