ലോക സിനിമാ-സീരീസ് പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ‘ടുഡും 2025’ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കാലിഫോർണിയയിലെ ഇംഗിൾവുഡിലുള്ള കിയ ഫോറത്തിൽ വെച്ചാണ് ഈ വർഷത്തെ ടുഡും നടക്കുക. ജൂൺ ഒന്നിന് ഇന്ത്യൻ സമയം രാവിലെ 5.30 മുതലായിരിക്കും പരിപാടി നടക്കുക. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ആപ്ലിക്കേഷനിലൂടെ മാത്രമായിരിക്കും പരിപാടി തത്സമയം സംപ്രേഷണം ചെയ്യുക.
ഇതാദ്യമായാണ് നെറ്റ്ഫ്ലിക്സ് ആപ്പിലൂടെ മാത്രം പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ യൂട്യൂബിലൂടെ പരിപാടി സ്ട്രീം ചെയ്തിരുന്നു. ഫ്രാങ്കെൻസ്റ്റൈൻ, മൈ ഓക്സ്ഫോർഡ് ഇയർ, ദി ആർഐപി, ഹാപ്പി ഗിൽമോർ 2, ദി ലൈഫ് ലിസ്റ്റ്, വേക്ക് അപ്പ് ഡെഡ് മാൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി തുടങ്ങിയ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലെ അഭിനേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാണ് സ്ട്രേഞ്ചർ തിംഗ്സ് 5 ന്റെ റിലീസ് തീയതി. ഷോയുടെ അവസാന സീസണിന്റെ റിലീസ് തീയതി ടുഡം 2025 ൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ സ്ക്വിഡ് ഗെയിം സീസൺ 3 ന്റെ ട്രെയ്ലർ, വെനസ്ഡേ സീസൺ 2 ന്റെ കൂടുതൽ ദൃശ്യങ്ങൾ തുടങ്ങിയവയും ഈ ഇവന്റിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ ഗില്ലെർമോ ഡെൽ ടോറോയുടെ ഫ്രാങ്കെൻസ്റ്റൈൻ, റിയാൻ ജോൺസന്റെ വേക്ക് അപ്പ്, ഡെഡ് മാൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി എന്നിവയുടെ റിലീസ് തീയതികളും മറ്റ് സിനിമകളുടെ റിലീസ് തീയതികളും പ്രഖ്യാപിക്കപ്പെടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.