തോർ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ക്രിസ് ഹെംസ്വർത്ത്. കോമഡിയും ആക്ഷനും ചേര്‍ന്ന ക്രിസിന്റെ പ്രകടനം എംസിയുവിലെ പ്രിയപ്പെട്ട മാർവൽ കഥാപാത്രങ്ങളിൽ ഒന്നാക്കി തോറിനെ മാറ്റിയെന്ന് പറയാം. നിരവധി ആരാധകരാണ് ഈ കഥാപാത്രത്തിന് ഉള്ളത്. ഇപ്പോഴിതാ ക്രിസ് ഹെംസ്വർത്തും മാർവെൽ വിടുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.കഴിഞ്ഞ ദിവസം ക്രിസ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതോടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ശക്തിയേറിയത്.
‘തോറിനെ അവതരിപ്പിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്. കഴിഞ്ഞ 15 വർഷമായി ഞാൻ എംജോൾനീറിനെയും പിന്നീട് സ്റ്റോംബ്രേക്കറിനെയും (തോറിന്റെ ആയുധങ്ങള്‍) വഹിച്ചു. മിന്നലിന്റെ ദൈവമായി അഭിനയിച്ചു, പക്ഷെ അതിനെല്ലാം പുറമേ നിങ്ങളുടെ ആവേശം, ഈ കഥാപാത്രത്തോടുള്ള നിങ്ങളുടെ സ്നേഹം എന്നിവ എല്ലാം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലൂടെയുള്ള എന്റെ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി. അടുത്തത്, ഡൂംസ് ഡേ’, എന്നാണ് ക്രിസ് ഹെംസ്വർത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ക്രിസ് ഹെംസ്വർത്ത് ഇനി തോറായി എത്തുന്നത് അവഞ്ചേഴ്സ്: ഡൂംസ് ഡേ എന്ന സിനിമയിലാണ് എത്തുന്നത്. ചിത്രം 2026 ൽ തിയേറ്ററുകളിൽ എത്തുമെന്നാ്ണ് പ്രതീക്ഷ. അവഞ്ചേഴ്സ് ഡൂംസ് ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി റോബർട്ട് ഡൗണി തിരിച്ചെത്തുന്നു എന്ന വാർത്ത നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ് ഡേയിലേക്ക് എത്തുന്നത്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം മാർവെലിന്റെ തണ്ടർബോൾട്ടിലെ കാസ്റ്റും ഈ സിനിമയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.