കാർത്തി നായകനാകുന്ന വാ വാത്തിയാറിന്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി ഷെട്ടി നായികയായി അഭിനയിക്കുന്നു, സത്യരാജ്, ആനന്ദ് രാജ്, രാജ്കിരൺ, കരുണാകരൻ, ജി.എം. സുന്ദർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രം നിർമിച്ച പ്രൊഡക്ഷൻ ഹൗസാണ് ഈ ചിത്രവും നിർമിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം നിയമപരമായ തർക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്.
മദ്രാസ് ഹൈകോടതിയിൽ ചിത്രത്തിന് എതിരായി ഹരജി വന്നതോടെ ചിത്രത്തിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തി. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം അർജുൻലാൽ സുന്ദർദാസ് എന്ന വ്യക്തിയാണ് ഹരജിക്കാരൻ. ‘വാ വാത്തിയാർ’ പ്രൊഡക്ഷൻ കമ്പനി തന്നിൽ നിന്ന് 10 കോടി 35 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും തുക അടക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കോടതിയോട് അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹരജി സ്വീകരിച്ച ജഡ്ജി ചിത്രത്തിന്റെ റിലീസ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ഡിസംബർ 12ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിച്ചതിനുശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാൻ കഴിയൂ. കാതലും കടന്തു പോവും എന്ന ചിത്രം കഴിഞ്ഞ് എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ഇതിനോടകം ആമസോൺ പ്രൈം സ്വന്തമാക്കി. ചിത്രത്തിൽ കടുത്ത എം.ജി.ആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. എം.ജി.ആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് ‘വാത്തിയാർ’.




