MalayalamNews

ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; ‘മാർക്കോ’ സീരീസ് ഉപേക്ഷിക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ആണ് ‘മാർക്കോ’. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. മാര്‍ക്കോയുടെ തുടര്‍ച്ച അതിനേക്കാള്‍ വലിയ കാന്‍വാസില്‍ വരുമെന്നാണ് അണിയറക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മാർക്കോ സീരീസ് ഉപേക്ഷിക്കുകയാണെന്ന് തുറന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

‘ബ്രോ, ക്ഷമ ചോദിക്കുന്നു. മാര്‍ക്കോ സിരീസ് തുടരാനുള്ള ആലോചന ഞാന്‍ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാര്‍ക്കോയേക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. നിങ്ങളുടെ സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി’, ഉണ്ണി മുകുന്ദൻ കുറിച്ചു. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ ഒരു ആരാധകന്‍ മാര്‍ക്കോ 2 എന്ന് എത്തുമെന്ന് ചോദിച്ച് എത്തിയിരുന്നു. ആ ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.

ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രമിപ്പോൾ സോണി ലിവിൽ ലഭ്യമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ലോകോത്തര നിലവാരത്തിലാണ് ചിത്രം സംവിധായകൻ ഹനീഫ് അദേനിയും നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ഒരുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button