പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ ‘വിലായത്ത് ബുദ്ധ’ സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അതിനിടയിൽ സിനിമയ്ക്കും ചിത്രത്തിലെ താരങ്ങള്‍ക്കുമെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ ഈ വിഷയത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
”യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റിൽ ഇട്ട്, കൃഷ്ണന്‍റെയും വല്ല പെണ്ണിന്‍റെയും, ഒന്നുമറിയാത്ത കുഞ്ഞിന്‍റെയും ഒക്കെ ഫോട്ടോയും വെച്ച് പ്രൊഫൈൽ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു” എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്.
പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നൊരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് ഈ കുറിപ്പ് മല്ലിക പങ്കുവെച്ചിരിക്കുന്നത്. ‘നായകൻ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് ‘വിലായത്ത് ബുദ്ധ’യിലെ ഭാസ്കരൻ മാഷ് എന്ന വേഷം ചെയ്യാൻ തനിക്ക് സാധിച്ചതെന്നും നായകനേക്കാള്‍ സ്ക്രീൻ സ്പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നൽകാനുള്ള മനസുള്ള വ്യക്തിയാണ്.
മറ്റൊരാളാണെങ്കിൽ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാൻ പറ്റില്ല, അതിന് ജീവിതകാലം മുഴുവൻ രാജുവിനോടും ചിത്രത്തിന്‍റെ സംവിധായകനോടും താൻ കടപ്പെട്ടിരിക്കും’ എന്നാണ് ഷമ്മി തിലകൻ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. സിനിമക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും ഷമ്മി തിലകൻ തന്‍റെ നിലപാട് അറിയിച്ചിരുന്നു.ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നിർമാതാവ് സന്ദീപ് സേനൻ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ‘ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. പൃഥ്വിരാജിനും ഷമ്മി തിലകനുമൊപ്പം പ്രിയംവദ കൃഷ്ണ, രാജശ്രീ നായർ, അനു മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
facebook post about cyber attack against Prithviraj.




