മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു വേഷപ്പകർച്ച പ്രതീക്ഷിക്കുന്ന ചിത്രമാണ് ‘കളങ്കാവൽ’. ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ് എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഒപ്പം ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ചിത്രം ജൂൺ ആദ്യ വാരം പ്രദർശനത്തിനെത്തും എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ പ്രൊമോഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും പ്രചരിക്കുന്ന ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ജൂണിൽ എത്തുമെന്ന സൂചനകൾ പുറത്തുവന്നത്. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.
ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷനൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.