ChithrabhoomiMalayalamNews

ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.

തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button