Chithrabhoomi

ടെലിവിഷന്‍ റേറ്റിങ്ങ് കണക്കെടുപ്പ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം

ഇന്ത്യയിലെ ടെലിവിഷന്‍ റേറ്റിങ്ങ് ഏജന്‍സികള്‍ക്കായുള്ള നയ – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വന്ന വാര്‍ത്തരീതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ഡിജിറ്റല്‍, ഓണ്‍-ഡിമാന്‍ഡ് മീഡിയ ഉപയോഗത്തില്‍ ഉണ്ടായ ഗണ്യമായ മുന്നേറ്റം കണക്കിലെടുത്ത് 2014 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കണം എന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്നതില്‍ കാലോചിതമായ മാറ്റം കൊണ്ടുവരണം എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ബാര്‍ക്ക് റേറ്റിങ്ങില്‍ ഉള്‍പ്പെടെ പരിഷ്‌കാരം ഉണ്ടാകണം എന്നും ജൂലൈ 2 ന് പുറത്തിറങ്ങിയ നിര്‍ദ്ദിഷ്ട കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിര്‍ദേശങ്ങളെ കുറിച്ചുള്ള അഭിപ്രായം 30 ദിവസത്തിനുള്ളില്‍ അറിയിക്കാമെന്നും വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നു. ടെലിവിഷന്‍ ചാലനുകള്‍ തമ്മിലുള്ള മത്സരം ആരോഗ്യകരമാക്കുക, കൂടുതല്‍ കൃത്യവും നൂതനവുമായ ഡാറ്റ സൃഷ്ടിക്കുക, ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടിആര്‍പി) സംവിധാനം രാജ്യത്തുടനീളമുള്ള കാഴ്ചക്കാരുടെ വൈവിധ്യമാര്‍ന്ന മാധ്യമ ഉപഭോഗ ശീലങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പരിഷ്‌കാരങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ കാഴ്ചകളില്‍ അടുത്തിടെ കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്. കേബിള്‍, ഡിടിഎച്ച് പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമല്ല, സ്മാര്‍ട്ട് ടിവികള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഉള്ളടക്കങ്ങള്‍ എത്തുന്നു.

ആധുനികമായ ഈ രീതികളില്‍ നിന്നുള്ള വ്യൂവര്‍ഷിപ്പ്, ടിആര്‍പി വിവരങ്ങള്‍ ശേഖരിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഇവകൂടി ഉള്‍പ്പെടുന്ന രീതിയില്‍ ഇത്തരം കണക്കെടുപ്പില്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവില്‍ ഏകദേശം 230 ദശലക്ഷം ടെലിവിഷനുകള്‍ വീടുകളില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, കാണികളുടെ കണക്കുകള്‍ ശേഖരിക്കുന്നതിനായി ഏകദേശം 58,000 പീപ്പിള്‍ മീറ്ററുകള്‍ മാത്രമാണ് ഉപയോഗിക്കുന്ന്. ഇത് ആകെ ടെലിവിഷന്‍ കണക്കുകളുടെ 0.025 ശതമാനം മാത്രമാണ്. പരിമിതമായ ഈ സാംപിള്‍ ജനസംഖ്യ അടിസ്ഥാനത്തിലുള്ള കാഴ്ചാ രീതികളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. കണക്കുകളിലെ ഈ വിടവ് റേറ്റിങ്ങിലെ കൃത്യതയെ ബാധിച്ചേക്കാം. ഇത് പരസ്യ തന്ത്രങ്ങളെയും പ്രേക്ഷകരെയും സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button