ഗെയിം ഓഫ് ത്രോൺസ് എന്ന ആഗോള തലത്തിൽ ശ്രദ്ധ നേടിയ സീരിസിലൂടെ പ്രശസ്തയായ നടിയാണ് സോഫി ടർണർ. സീരിസിൽ നടി അവതരിപ്പിച്ച സാൻസാ സ്റ്റാർക് എന്ന കഥാപാത്രം വലിയ കയ്യടികൾ നേടിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സിനിമകളെക്കുറിച്ച് മനസുതുറക്കുകയാണ് നടി. എന്നെങ്കിലും ഒരു ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്നും നടി ആഗ്രഹം പ്രകടിപ്പിച്ചു. ഫസ്റ്റ്പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സോഫി ടർണർ ഇക്കാര്യം പറഞ്ഞത്. ‘ആർആർആർ ഒരുപാട് ഇഷ്ടമായി. ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ബോളിവുഡ് സിനിമയിൽ ഡാൻസ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ഗംഭീര വിഷ്വലുകളാണ് ബോളിവുഡ് സിനിമകളിൽ. ഒരു വെസ്റ്റേൺ ഫിലിം സെറ്റിൽ കാണാത്ത തരം പ്രൊഡക്ഷൻ ഡിസൈനുകളാണ് ബോളിവുഡ് സിനിമകളിൽ ഉള്ളത്. ഏതെങ്കിലും ഒരു സിനിമയിൽ ഒരിക്കൽ എനിക്ക് ഭാഗമാകണം’, നടിയുടെ വാക്കുകൾ. ആഗോള തലത്തിൽ ഉൾപ്പെടെ ശ്രദ്ധ നേടിയ സിനിമയാണ് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ. രാംചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്.
സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും കൊമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.




