‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമായി എത്തിയത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന്‍റെ പല ഭാഗങ്ങളിലും കുഞ്ചാക്കോ ബോബന് പകരം അഭിനയിച്ചത് സുനിൽ രാജ് എടപ്പാളാണെന്ന വാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുനിൽ രാജ് തന്നെയാണ് ഈ കാര്യം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ ചില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ പറഞ്ഞു. പുറത്തു പറയാൻ പാടില്ലായിരുന്നുവെന്നും എന്നാൽ വേറെ നിവർത്തി ഇല്ലാത്തോണ്ടാണ് പറയുന്നതെന്നും സുനിൽ കൂട്ടിച്ചേർത്തു. ‘പുറത്തു വിടാൻ പാടില്ലാരുന്നു പക്ഷെ വേറെ നിവർത്തി ഇല്ലാത്തോണ്ടാ. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് നീ അയാളെ അവതരിപ്പിച്ചു എന്ത് നേടി എന്ന്, ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജക്ഷൻ ചെയ്തത്,’ -സുനിൽ രാജ് പങ്കുവെച്ചു. എന്നാൽ സുനിൽ രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ലഭ്യമല്ല.



