ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷനും തെന്നിന്ത്യയിലെ വമ്പൻ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു. ഹോംബാലെ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘അവർ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു. അയാൾ അതിർവരമ്പുകൾ തകർത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി. ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ തുടങ്ങുന്നു. മഹാവിസ്ഫോടനത്തിന് സമയമാകുന്നു,’ എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
ഹൃത്വിക്-ഹോംബാലെ ടീം ഒന്നിക്കുന്നു എന്ന പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് നിറച്ചിരിക്കുന്നത്. ‘ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകൾക്കും അന്ത്യം കുറിക്കാൻ അവർ ഒന്നിക്കുന്നു’ എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമയ്ക്ക് തുടക്കമായി എന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നതും. HRITHIKxHOMBALE എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. അതേസമയം വാർ 2 എന്ന ചിത്രം ഹൃത്വിക് റോഷന്റേതായി റിലീസ് കാത്ത് നിൽക്കുന്നുണ്ട്.
അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്.