Chithrabhoomi

സോണി മ്യൂസിക്കിന് പണി, ഇളയരാജയുടെ പാട്ടുകളിലൂടെ ദിവസം എത്രരൂപയുടെ വരുമാനം ഉണ്ടെന്ന് കാണിക്കാൻ ഹൈക്കോടതി

ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കുന്ന നിരവധി ചലച്ചിത്ര നിർമാതാക്കളുമായി നിയമ പോരാട്ടത്തിലാണ് സംഗീത സംവിധായകൻ. 1,500 സിനിമകളിലായി 7,500 ൽ അധികം ഗാനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും മുൻനിര സംഗീതസംവിധായകരിൽ ഒരാളാണ് ഇളയരാജ. ഇപ്പോഴിതാ ഇളയരാജയുടെ പരാതിയിൽ സോണി മ്യൂസിക്കിന് പണി കിട്ടിയിരിക്കുകയാണ്. ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസം എത്ര രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നതിന്റെ കണക്ക് ഹാജരാക്കാൻ സോണി മ്യൂസിക് എന്റർടെയ്ൻമെന്റിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.

തന്റെ പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതിൽനിന്ന് സോണിയെ വിലക്കണമെന്നും താൻ സംഗീതംനൽകി പുറത്തിറക്കിയ പാട്ടുകളുടെ പൂർണ അവകാശം തനിക്കാണെന്നും അത് പ്രക്ഷേപണം ചെയ്യാനും മാറ്റങ്ങൾവരുത്തി പുതിയ പാട്ടുകൾ ഇറക്കാനും സോണി മ്യൂസിക്കിന് അധികാരമില്ലെന്നും കാണിച്ചാണ് ഇളയരാജ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നത്. പകർപ്പവകാശ നിയമത്തിന്റെ 2012-ലെ ഭേദഗതി വരുന്നതുവരെ പാട്ടിന്റെ അവകാശം സംഗീതസംവിധായകനും ഗാനരചയിതാക്കൾക്കും ഗായകർക്കും പ്രതിഫലംനൽകി പാട്ട് പുറത്തിറക്കിയ ചലച്ചിത്ര നിർമാതാക്കൾക്കായിരുന്നെന്ന് സോണി മ്യൂസിക് വാദിച്ചു.

118 സിനിമകൾക്കുവേണ്ടി ഇളയരാജ സംഗീതംനൽകിയ ഗാനങ്ങൾ നിർമാതാക്കൾക്ക് പണംനൽകി സോണി മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. അവയുടെ പ്രക്ഷേപണം വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാൽ വലിയ നഷ്ടം വരുമെന്ന് സോണി മ്യൂസിക് ചൂണ്ടിക്കാണിച്ചു. 2014 മുതൽ ഈ പാട്ടുകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഓറിയന്റൽ റിക്കോർഡ്‌സും എക്കോ റിക്കോർഡ്സുമായി ഇളയരാജ നിയമയുദ്ധത്തിലാണ്. 2019 ൽ മദ്രാസ് ഹൈക്കോടതി ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ഇളയരാജയുടെ ധാർമികവും പ്രത്യേകവുമായ അവകാശങ്ങൾ ശരിവച്ചിരുന്നു. തുടർന്നാണ് ഈ പാട്ടുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നതായി വാദിച്ച് സോണി മ്യൂസിക് രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button