മലയാള സിനിമയിലെ യുവതാരമായ നസ്ലെന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. മെലിഞ്ഞ് മുടി നീട്ടി വളർത്തിയ ലുക്കിലാണ് നടൻ ഇപ്പോൾ എത്തുന്നത്. ലോക സിനിമയുടെ റിലീസിന് ശേഷം തിയേറ്ററിൽ ആരാധകരെ കാണാൻ എത്തിയ നസ്ലെന്റെ ഈ ലുക്കിനെ ഒരു ആരാധകൻ ബംഗാളി ലുക്ക് എന്നാണ് വിശേഷിപ്പിച്ചത്. ബംഗാളി ലുക്ക് അടിപൊളി എന്നാണ് ആരാധകൻ പറയുന്നത്. നടനെ തെല്ലൊന്ന് ഇത് ചോദിപ്പിച്ചെങ്കിലും ആരാധകന് നടൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. താങ്ക് യു ബ്രോ എന്നാണ് നസ്‌ലെൻ ആരാധനകന് നൽകിയ മറുപടി. ഒട്ടും പ്രകോപിതനാകാതെയുള്ള നടന്റെ ഈ മറുപടിയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നസ്ലെന്റെ പുതിയ സിനിമയായ ‘മോളിവുഡ് ടൈമി’സിന്റെ ലൂക്ക് ആണോയെന്ന സംശയത്തിലാണ് ആരാധകർ. കൂടാതെ ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’യിലും നസ്ലെൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
അതേസമയം, നസ്‌ലെൻ പ്രധാന വേഷത്തിലെത്തിയ ലോക തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.