എമ്പുരാൻ സിനിമയിലെ പുതിയ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്‍റണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ആന്റണി റാവുത്തർ എന്ന കഥാപാത്രത്തെയാണ് ആശിഷ് സിനിമയിൽ അവതരിപ്പിച്ചത്. ഡയലോഗുകൾ ഇല്ലാതെ കാമിയോ എൻട്രി ആയതിനാൽ തന്നെ ഈ കഥാപാത്രത്തിന് പേര് ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
ഇപ്പോൾ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടപ്പോഴാണ് ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രത്തിന്റെ മകനായാണ് ആശിഷ് സിനിമയിൽ എത്തിയതെന്ന് ആരാധകർ അറിയുന്നത്. സിനിമയിലും അച്ഛനും മകനുമായാണ് ആന്റണി പെരുമ്പാവൂരും മകനും അഭിനയിച്ചിരിക്കുന്നത് എന്ന വാർത്ത കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
അതുമാത്രമല്ല, എമ്പുരാൻ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്.