മലയാള സിനിമ ചരിത്രത്തിൽ അതിവേഗം 100, 200 കോടി ക്ലബ്ബുകളിൽ ഇടംനേടിയ ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘എമ്പുരാൻ.’ ചിത്രം 300 കോടി ക്ലബ്ബിൽ എത്താനായി ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആളിപ്പടരുകയാണ്.
ഇതിനിടെ മലയാള സിനിമ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് എമ്പുരാൻ. തിയേറ്റർ ഷെയർ 100 കോടി എന്ന സുവർണ നേട്ടമാണ് എമ്പുരാൻ സ്വന്തമാക്കിയത്. 100, 200 കോടി ക്ലബ്ബുകളിൽ മുൻപും മലയാള ചിത്രങ്ങൾ ഇടംനേടിയിട്ടുണ്ടെങ്കിലും തിയേറ്റർ ഷെയർ 100 കോടി സ്വന്തമാക്കുന്ന ആദ്യ മലയാളം ചിത്രമാണ് എമ്പുരാൻ.
എമ്പുരാന്റെ നിർമ്മാതാക്കളാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ വലിയ വിവാദം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്ത് റീ- എഡിറ്റഡ് പതിപ്പാണ് പ്രദർശനത്തിനെത്തിയത്. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയില്‍ കേരളത്തിനു പുറത്തു നിന്ന് 30 കോടി രൂപയാണ് എമ്പുരാൻ നേടിയത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്, ഫാസില്‍, സച്ചിന് ഖേഡ്കര്, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന് മാര്ട്ടിന്, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്, അനീഷ് ജി. മേനോന്, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്, നിഖാത് ഖാന്, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.