HindiMalayalam

ദൃശ്യം 3 ഹിന്ദി പതിപ്പ് തുടങ്ങി’

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ദൃശ്യം 3 യുടെ മലയാളം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മറ്റു അപ്ഡേറ്റുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ്.

അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുണ്ടാകുമെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമായി പങ്കിട്ട ഔദ്യോഗിക കത്തിൽ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് മൂന്നാം ഭാഗത്തിലും തിരിച്ചെത്തും എന്നും വ്യക്തമാക്കുന്നുണ്ട്.
ഇത് കൂടാതെ ദൃശ്യം 3 നിർമ്മിക്കുന്നതിനായി ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ഒരു നിർമ്മാണ കരാറിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ കത്ത് അജയ് ദേവ്ഗണിന്‍റെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നേരത്തെ പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. അജയ് ദേവ്ഗൺ ഇപ്പോൾ ദേ ദേ പ്യാർ ദേ 2, ധമാൽ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നായിരുന്നു റിപ്പോർട്ട്. 2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2022 ലായിരുന്നു ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കിൽ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു. അജയ് ദേവ്ഗണിന് പുറമെ തബു, ശ്രീയ ശരൺ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button